29 C
Trivandrum
Sunday, November 9, 2025

കൊടകരയിലെ കുഴല്‍പ്പണം കൈമാറിയത് ലഹര്‍ സിങ്

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗളൂരു: കൊടകര കുഴല്‍പ്പണ കേസിലെ കേന്ദ്രബിന്ദുവായ ബി.ജെ.പി. നേതാവ് നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ ലഹര്‍ സിങ്ങാണെന്ന വിവരം പുറത്തുവന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേരള പൊലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ലഹര്‍ സിങ്ങിനെക്കുറിച്ച് പരാമര്‍ശമുള്ളത്. സംഭവം നടക്കുമ്പോള്‍ ലഹര്‍ സിങ് കര്‍ണാടകത്തിലെ നിയമസഭാംഗം ആയിരുന്നു.

ബി.ജെ.പിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ലഹര്‍ സിങ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഏഴു വര്‍ഷത്തോളമായി താന്‍ കേരളത്തില്‍ വന്നിട്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നേരിട്ട് അറിയില്ല. വി. മുരളീധരനെ മാത്രമാണ് അറിയുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ ബന്ധമാണ്. അതിന് അപ്പുറത്തേക്ക് സംസ്ഥാന നേതാക്കളെ തനിക്ക് അറിയില്ല. ഇത്തരമൊരു ഇടപാടിന്റെ ഭാഗമായിട്ടില്ല -അദ്ദേഹം പറഞ്ഞു.

കേരള പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ലഹര്‍ സിങ് പറഞ്ഞു. കേരളത്തിലേക്ക് അനധികൃതമായി പണം കടത്തിയതില്‍ കര്‍ണാടകയിലെ അന്നത്തെ സിറ്റിങ് എം.എല്‍.സിയായ ലഹര്‍ സിങ്ങിന് പങ്കുണ്ടെന്നായിരുന്നു കേരള പൊലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks