Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കേരളപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ എ.എം.എം.എ. ആസ്ഥാനത്ത് ഒത്തുകൂടി ചലച്ചിത്രതാരങ്ങള്‍. നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ സംഘടനാ ആസ്ഥാനത്തെത്തി.
രാജിവച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് സംഘടനയുടെ യോഗത്തില്‍ സുരേഷ് ഗോപി. എ.എം.എം.എ. തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി വരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വരും എന്നായിരുന്നു മറുപടി.
അതേസമയം, സംഘടനയില്‍നിന്ന് രാജിവെച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധര്‍ജന്‍ ബോള്‍ഗാട്ടി പറഞ്ഞു. സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതില്‍ ചിലര്‍ ആരോപണവിധേയര്‍ മാത്രമാണ്. അങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരാണ് സംഘടനാ തലപ്പത്ത് വരേണ്ടത് -മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ധര്‍മജന്‍ പറഞ്ഞു.
കഴിഞ്ഞ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന ജയന്‍ ചേര്‍ത്തല, വിനു മോഹന്‍, ബാബു രാജ്, ടിനി ടോം തുടങ്ങിയവരും ആസ്ഥാനത്ത് എത്തിയിരുന്നു. നടന്നത് യോഗമല്ലെന്നും അംഗങ്ങളുടെ ഒത്തുചേരല്‍ മാത്രമാണെന്നും വിനു മോഹന്‍ പറഞ്ഞു. അനൂപ് മേനോന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, ഷാജു ശ്രീധര്‍, ബീന ആന്റണി, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും ഒത്തുചേരലില്‍ പങ്കെടുത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് എ.എം.എം.എ. പൊതുപരിപാടി സംഘടിപ്പിക്കുന്നത്. കുടുംബ സംഗമവും നടത്തി.