Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിക്കു നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. എ.ഐ.വൈ.എഫ്. നേതാവ് എ.എസ്.ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി. സ്പീഡ് പോസ്റ്റീല്‍ നോട്ടീസ് അയയ്ക്കാനാണ് ഉത്തരവ്.
മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി വിജയിച്ചതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുരേഷ് ഗോപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി.അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. ഇതെല്ലാം നടന്നതു സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തതിനു പുറമെ തിരഞ്ഞെടുപ്പു കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറിയിട്ടുമുണ്ട്. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത് കൈക്കൂലിയാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് അഡ്വ. സന്തോഷ് പീറ്റര്‍ മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് സുരേഷ് ഗോപിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമികവാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല. ഹര്‍ജി നവംബര്‍ 22ന് പരിഗണിക്കാന്‍ മാറ്റി.