29 C
Trivandrum
Friday, January 17, 2025

ബാലൺ ദ്യോറിൽ റോഡ്രിയുടെ മുത്തം, ഐറ്റാനാ ബോൺമാറ്റി വനിതാതാരം, യുവതാരമായി യമാൽ

പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്‌കാരം മാഞ്ചെസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള വമ്പൻമാരെ പിന്തള്ളിയാണ് റോഡ്രി പ്രവചനങ്ങളെ അട്ടിമറിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ പാരീസിൽനടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

Follow the FOURTH PILLAR LIVE channel on WhatsApp 

വനിതാ ബാലൻ ദ്യോർ പുരസ്‌കാരത്തിന് തുടർച്ചയായ രണ്ടാം തവണയും സ്പാനിഷ് താരം ഐറ്റാനാ ബോൺമാറ്റി അർഹയായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലമിൻ യമാൽ സ്വന്തമാക്കി. ഇതോടെ ബാലൺ ദ്യോറിലെ മൂന്നു വിഭാഗങ്ങളിലും സ്‌പെയിനിന്റെ കൈയൊപ്പ് പതിഞ്ഞു.

ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് പുരസ്‌കാരം നൽകുന്നത്. 2023 ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. കഴിഞ്ഞ തവണ ലയണൽ മെസിയായിരുന്നു ജേതാവ്. 2003നുശേഷം മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നാമനിർദേശം ചെയ്യപ്പെടാത്ത ബാലൺ ദ്യോർ വേദിയായി ഇത്.

സമകാലീന ഫുട്‌ബോളിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിലൊരാളായ റോഡ്രി യൂറോകപ്പിൽ സ്പാനിഷ് ടീമിനായും ക്ലബ്ബ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കായും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. യൂറോ കപ്പിലെ മികച്ച താരവുമായിരുന്നു ഈ 28കാരൻ. പുരസ്‌കാരം നിർണയിച്ച കാലയളവിൽ 12 ഗോളും 15 അസിസ്റ്റും റോഡ്രിയുടെ പേരിലുണ്ട്. യൂറോകപ്പ് നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്നു. സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി. സ്‌പെയിനിനായി 57 മത്സരം കളിച്ചു, നാലു ഗോളടിച്ചു. യൂറോകപ്പും നേഷൻസ് ലീഗും സ്വന്തമാക്കി. ക്ലബ്ബ് ഫുട്‌ബോളിൽ 2019 മുതൽ മാഞ്ചെസ്റ്റർ സിറ്റിക്കായി കളിക്കുന്നു. 260 മത്സരങ്ങളിൽ 26 ഗോൾ, 12 കിരീടനേട്ടങ്ങളിൽ പങ്കാളിയായി.

അവസാന നിമിഷംവരെ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് പുരസ്‌കാരം കിട്ടുമെന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ റയലിനായി 24 ഗോളാണ് അടിച്ചുകൂട്ടിയത്. സ്പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗിൽ ആറ് ഗോളാണ് നേടിയത്. ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ച 24കാരൻ സെമിയിൽ ബയേൺ മ്യൂണിക്കിനെതിരെ രണ്ട് തവണ ലക്ഷ്യം കണ്ടു.

വിനീഷ്യസിനെ ഒഴിവാക്കിയെന്ന് ആരോപിച്ച് റയൽ മാഡ്രിഡ് താരങ്ങൾ ബാലൺ ദ്യോർ ചടങ്ങ് ബഹിഷ്‌കരിച്ചു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടത് റയലാണ്. റയലിന്റെ ജൂഡ് ബെല്ലിങ്ഹാമിനാണ് ബാലൺ ദ്യോർ പട്ടികയിൽ മൂന്നാം സ്ഥാനം.

കാർലോ ആഞ്ചലോട്ടിക്കാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരം. കഴിഞ്ഞ സീസണിൽ റയലിന് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും ആഞ്ചലോട്ടി സമ്മാനിച്ചിരുന്നു. ചെൽസിയുടെ എമ്മ ഹായെസ് ആണ് മികച്ച പരിശീലക.

അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്‌കാരം നേടി. ഹാരി കെയ്നും കിലിയൻ എംബാപ്പെയും സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ഗെർഡ് മുള്ളർ പുരസ്‌കാരം പങ്കുവെച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks