വില്ലുപുരം: തന്റെ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ഡി.എം.കെയ്ക്കും ബി.ജെ.പിക്കും എതിരായിരിക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശം. രാഷ്ട്രീയപരമായി ഡി.എം.കെയും ആശയപരമായി ബി.ജെ.പിയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് വിജയ് നയപ്രഖ്യാപനം നടത്തിയത്.
തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണ് ഡി.എം.കെ. കുടുംബം. ഡി.എം.കെയുടേത് ജനവിരുദ്ധ സർക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡി.എം.കെ സർക്കാർ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.
ഈ രാഷ്ട്രീയം ഒക്കെ നമുക്ക് എന്തിനാണ്. സിനിമയിൽ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാൽ പോരെ എന്നാണ് ആദ്യം താനും കരുതിയിരുന്നത്. എന്നാൽ നമ്മൾ മാത്രം നന്നായിരിക്കണം എന്നത് സ്വാർഥത അല്ലേ. ഒരു പരിധിക്കപ്പുറം പണം സമ്പാദിച്ചിട്ട് എന്ത് കാര്യം. ഈ ജീവിതം സമ്മാനിച്ച ജനങ്ങൾക്ക് എന്താണ് തിരികെ നൽകാൻ പോകുന്നത്. ഇത്തരം പല ചോദ്യങ്ങൾ മനസ്സിലുയർന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ആലോചിച്ചപ്പോഴാണ് രാഷ്ട്രീയം എന്ന് മനസ്സിൽ വന്നത്.
സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഗൗരവമുള്ള മേഖലയാണ് രാഷ്ട്രീയം. സയൻസും ടെക്നോളജിയും മാത്രമാണോ മാറേണ്ടതും വികസിക്കേണ്ടതും? എന്തുകൊണ്ട് രാഷ്ട്രീയം മാത്രം മാറാതിരിക്കുന്നു? വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടാൽ മാത്രമേ നമ്മളെ വിശ്വസിക്കുന്നവർക്ക് നല്ലത് ചെയ്യാൻ കഴിയൂ എന്ന് മനസ്സിൽ തോന്നി. അതാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇനി ഒന്നിനെ കുറിച്ചും ആലോചിക്കരുത്.
ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോൾ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്കു മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും, എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം, ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണു നിങ്ങളുടെ അവസരം. പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കയ്യിലെടുത്തു കളിക്കാൻ ആരംഭിച്ചാൽ പിന്നെ കളി മാറും. എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണം.
സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം. രാഷ്ട്രീയം മാറണം അല്ലെങ്കിൽ മാറ്റും. പണം അല്ല പൊതുനന്മ ആണ് പാർട്ടിയുടെ നയം. ഇവിടത്തെ രാഷ്ട്രീയക്കാരെ പറ്റി പ്രസംഗിച്ച് സമയം കളയുന്നില്ല, എന്നുവച്ച് കണ്ണ് മൂടിയിരിക്കാനും ഉദ്ദേശിക്കുന്നില്ല. നൻപാ, തോഴാ, തോഴി നമ്മൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകൾ. എന്നെ വിശ്വസിക്കുന്നവർക്കു നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല.
പെരിയാർ, കാമരാജ്, ബി.ആർ.അംബേദ്കർ, വേലുനാച്ചിയാർ, അഞ്ചലൈ അമ്മാൾ എന്നിവരാണ് ടി.വി.കെയുടെ തലവന്മാരെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തിന് എതിരല്ല. ഒരേ കുലം ഒരേ ദേവൻ എന്നതാണ് നിലപാട്. പറച്ചിൽ അല്ല പ്രവൃത്തിയാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിൽനിന്ന് ഇറങ്ങി അച്ഛന്റെയും അമ്മയുടെയും ആശീർവാദം വാങ്ങിയ ശേഷമായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻ.ടി.ആറിനെയും എം.ജി.ആറിനെയും പ്രസംഗത്തിൽ പരാമർശിച്ചുകൊണ്ട് താൻ വന്നത് തമിഴ്‌നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. തൻറെ കരിയറിന്റെ ഉന്നതിയിൽ ജനങ്ങൾക്കായി താൻ ഇറങ്ങുകയാണെന്നും അധികാരത്തിൻറെ പങ്ക് പിന്തുണയ്ക്കുന്നവർക്കും നൽകുമെന്നും വിജയ് പറഞ്ഞു.
ഡിഎം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡി.എം.കെ. സഖ്യ കക്ഷികൾ വാദിക്കുന്നതിനിടെയാണ് വിജയുടെ പ്രഖ്യാപനം. അഴിമതിയും വർഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.
ഗവർണർ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കർഷകരുടെ വിളകൾക്കു മികച്ച വില ഉറപ്പാക്കും എന്നതടക്കമുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. ഭഗവദ് ഗീതയ്ക്കൊപ്പം ഖുർ ആനും ബൈബിളും പ്രവർത്തകർ വിജയ്ക്കു സമർപ്പിച്ചു. ആരാധകർ നൽകിയ ‘വീരവാൾ’ സമ്മേളനവേദിയിൽ വിജയ് ഉയർത്തിക്കാട്ടിയപ്പോൾ പതിനായിരങ്ങൾ ആരവമുയർത്തി. ടിവികെ സമ്മേളനവേദിയിൽ ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കൂറ്റൻ കട്ടൗട്ടുകൾക്കൊപ്പം വിജയുടെ കട്ടൗട്ടും ഉയർത്തിയിട്ടുണ്ട്.