തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പാറശ്ശാലയില്‍ പിടികൂടി. പുഞ്ചക്കരി പുത്തളക്കുഴി ലക്ഷം വീട് കോളനിയില്‍ ശംഭു (33), പുഞ്ചക്കരി വെട്ടുവിള മേലെ പുത്തന്‍വീട്ടില്‍ അനീഷ് (30),പാച്ചല്ലൂര്‍ മണിയ മന്ദിരത്തില്‍ മഹേഷ് (25) എന്നിവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ വലയിലായത്. ഇതില്‍ ശംഭു, അനീഷ് എന്നിവര്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസറായിരുന്ന അല്‍ത്താഫിനെ കുത്തിപ്പരിക്കേല്പിച്ച കേസിലെ പ്രതികളാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
കഞ്ചാവ് വാങ്ങി നാഗര്‍കോവില്‍ വരെ ബസിലാണ് സംഘം എത്തിയത്. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കേരളത്തിലെത്തി. 20 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ എത്തുന്നതായുളള രഹസ്യ വിവരത്തെത്തുടര്‍ന്ന് കാരോട് ബൈപാസിന്റെ ആരംഭത്തില്‍ എക്സൈസ് സംഘം പരിശോധന തുടങ്ങി. എക്സൈസ് സംഘത്തെ കണ്ട് പൊടുന്നനെ ഓട്ടോ തിരിച്ച് മടങ്ങിപ്പോകുവാന്‍ ശ്രമിച്ച സംഘത്തെ പിന്നാലെ ഓടിയെത്തിയ അവര്‍ പിടികൂടുകയായിരുന്നു.
ചില്ലറ വില്പനയ്ക്കാണ് ഇവര്‍ കഞ്ചാവ് കടത്തിയതെന്ന് അറിവായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണിത്.