Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: മോഷ്ടിച്ച പണവുമായി സിനിമ കാണാൻ കയറിയ കള്ളൻ തിരിച്ചിറങ്ങിയപ്പോൾ പൊലീസ് പിടിയിലായി. മുളയം പാറയിൽ വീട്ടിൽ ക്ലിൻസിയുടെ ബാഗ് മോഷ്ടിച്ച പുതൂർക്കര പൊന്നിൻചാടത്ത് വീട്ടിൽ ദാസൻ (55) ആണ് പിടിയിലായത്. മൂന്നു മണിക്കൂറിനുള്ളിലാണ് കള്ളനെ പൊലീസ് പൊക്കിയത്.
തൃശ്ശൂർ രാഗം തിയേറ്ററിനു മുന്നിലാണ് സംഭവം. സ്‌കൂട്ടറിന്റെ മുൻഭാഗത്താണ് ക്ലിൻസി ബാഗ് വെച്ചിരുന്നത്. ഭർത്താവ് ലിനോയിയുടെ ബൈക്ക് വിറ്റ പണമാണ് കൈയിലുണ്ടായിരുന്നത്. സമീപത്തെ കണ്ണടക്കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം. 10 മിനിറ്റ് മാത്രമാണ് കണ്ണടക്കടയിൽ ഉണ്ടായിരുന്നത്. ഇതിനിടെ മോഷണം നടന്നിരുന്നു. 31,500 രൂപ, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയാണ് മോഷണം പോയത്.
ഉടൻതന്നെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിത്. കുറുപ്പം റോഡിലെ ക്യാമറയിൽ ക്ലിൻസി വിവരിച്ചതുപോലെയുള്ള ബാഗുമായി ഒരാൾ പോകുന്നത് പതിഞ്ഞിരുന്നു.
പത്തോളം ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടാവ് രാഗത്തിൽ നിന്ന് സിനിമ കഴിഞ്ഞ് ഇറങ്ങുന്നത്. ഹൈറോഡിൽ എത്തിയപ്പോഴേക്കും ഒരു പൊലീസുകാരൻ ഇയാളെ തടഞ്ഞു. ആളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു.
ഗ്രേഡ് സീനിയർ സി.പി.ഒമാരായ സൂരജ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.