ഹൈദരാബാദ്: സിനിമയില്‍ കിട്ടേണ്ട ഇടി വില്ലന് കിട്ടിയത് ജീവിതത്തില്‍. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ എന്‍.ടി.രാമസ്വാമിയാണ് ഒരു പ്രേക്ഷകയുടെ ക്ഷോഭം നേരിട്ടറിഞ്ഞത്.
Follow the FOURTH PILLAR LIVE channel on WhatsApp
സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ക്രൂരത കണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ വെറുക്കുന്നവരുണ്ട്. ആ നടനെ കണ്‍മുന്നില്‍ കിട്ടിയാല്‍ ആ വെറുപ്പ് ചിലര്‍ പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍, വില്ലനോടുള്ള വെറുപ്പ് കൈയേറ്റമായി മാറുന്നത് അപൂര്‍വ്വമാണ്. അത്തരമൊരു അനുഭവമാണ് രാമസ്വാമിക്കുണ്ടായത്.
സ്മരന്‍ റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജന്‍ രാമചന്ദ്ര, ശ്രാവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടീനടന്മാരും അണിയറപ്രവര്‍ത്തകരും തിയേറ്ററില്‍ എത്തിയപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി രാമസ്വാമിക്കു നേരെ പാഞ്ഞടുത്തത്. തല്ലാനൊരുങ്ങിയ യുവതിയില്‍ നിന്ന് നായകന്‍ അഞ്ജന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് രാമസ്വാമിയെ രക്ഷിക്കുകയായിരുന്നു.
രാമസ്വാമിക്ക് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. സിനിമാക്കാരുടെ തന്നെ പ്രമോഷനല്‍ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമര്‍ശനം.