Follow the FOURTH PILLAR LIVE channel on WhatsApp
കേപ് കനാവറല്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് നാലു സഞ്ചാരികള്‍കൂടി ഭൂമിയിലേക്കു മടങ്ങി. എട്ടു മാസത്തെ ബഹിരാകാശവാസത്തിനു ശേഷമാണ് മടക്കം. സ്‌പേസ് എക്‌സ് പേടകത്തിലെത്തിലെത്തിയ ഇവര്‍ ഫ്‌ലോറിഡ തീരത്തിനുസമീപം പാരഷൂട്ടില്‍ ഇറങ്ങി.
യു.എസ്. സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിള്‍ ബാരെറ്റ്, ജനെറ്റ് എപ്‌സ്, റഷ്യന്‍ സ്വദേശി അലക്‌സാണ്ടര്‍ ഗ്രിബെന്‍കിന്‍ എന്നിവരാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. ഇവരില്‍ ഒരാളെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താന്‍ തയാറായില്ല.
ഈ സംഘം രണ്ടു മാസം മുന്‍പ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാര്‍ലൈനറിലെ തകരാറു മൂലം ദൗത്യം വൈകി. മില്‍ട്ടന്‍ ചുഴലിക്കാറ്റും തടസ്സപ്പെടുത്തി. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടക്കം നാലു പേര്‍കൂടി നിലയത്തിലുണ്ട്. ഇവര്‍ വരുന്ന ഫെബ്രുവരിയോടെ മടങ്ങിയെത്തും.