Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂര്‍: മുന്‍ എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ ടി.വി.പ്രശാന്തിനെ സസ്‌പെന്‍ഡു ചെയ്തു. തന്റെ പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചത് പ്രശാന്താണ്.
ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഗുരുതരമായ ചട്ടലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. പെട്രോള്‍ പമ്പിനായി അപേക്ഷ സമര്‍പ്പിച്ചത് പ്രശാന്തായിരുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്‍ എങ്ങനെയാണ് പെട്രോള്‍ പമ്പൊക്കെ തുടങ്ങാന്‍ അപേക്ഷയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു പ്രധാന ചോദ്യം. അതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ നടപടിയുണ്ടായിരിക്കുന്നത്.
എ.ഡി.എമ്മിന്റെ ആത്മഹത്യയ്ക്കു ശേഷമുണ്ടായ വിവാദത്തെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ പരസ്യപ്രതികരണവുമായി പ്രശാന്ത് വന്നിരുന്നു. ശേഷം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചു. 10 ദിവസത്തെ അവധിക്കാണ് ആദ്യം അപേക്ഷിച്ചത്. പിന്നീട് അവധി നീട്ടി ചോദിച്ചു.
എന്നാല്‍ പ്രശാന്തനെ സസ്പെന്‍ഡ് ചെയ്യാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. അതിന്റെ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇനി പ്രശാന്ത് സര്‍ക്കാര്‍ ശമ്പളം വാങ്ങില്ലെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.