മാനന്തവാടി: ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന നരിവേട്ടയുടെ രണ്ടാം ഘട്ട ചിത്രീകരണം ശനിയാഴ്ച വയനാട്ടിലെ പുൽപ്പള്ളിയിൽ തുടങ്ങി. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമ്മിക്കുന്നത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെയാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും. ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ടൊവിനോയ്‌ക്കൊപ്പം ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചേരന്റെ മലയാളത്തിലെ അരങ്ങേറ്റമാണിത്.
പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം.ബാദുഷ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ജൂലൈ 26നാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടിൽ ആരംഭിച്ചത്. കുട്ടനാട് ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായി ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ വയനാട്ടിലെ കാടുകൾ ഉൾപ്പെടെ വിവിധ മേഖലകളിലായി നാല്പതിലേറെ ദിവസത്തെ ചിത്രീകരണമുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണു തിരക്കഥ. സംഗീതം -ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം -വിജയ്, ചിത്രസംയോജനം -ഷമീർ മുഹമ്മദ്, കലാസംവിധാനം -ബാവ, ചമയം -അമൽ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി, പ്രൊഡക്ഷൻ മാനേജർമാർ -റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി.കെ. എൻ.എം.ബാദുഷയാണ് ഈ ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ.