കൊച്ചി: കളിച്ചത് ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചത് ബംഗളൂരു എഫ്.സിയും. സീസണിലാദ്യമായി ബംഗളൂരു എഫ്.സി. ഒരു ഗോള്‍ വഴങ്ങിയിട്ടും അവര്‍ തോറ്റില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് അവര്‍ക്ക് തളികയില്‍ വെച്ചെന്നവണ്ണം സമ്മാനിച്ച മൂന്നു ഗോളുകള്‍ ഫലം നിര്‍ണ്ണയിച്ചു. കളം നിറഞ്ഞു കളിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സ് കളി തോറ്റു.
Follow the FOURTH PILLAR LIVE channel on WhatsApp
എഡ്ഗാര്‍ മെന്‍ഡസിന്റെ ഇരട്ടഗോളുകളും (74, 90+4), മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹോര്‍ഹെ പെരേര ഡയസിന്റെ (8) ഗോള്‍ കൂടി ചേര്‍ന്നതോടെയാണ് ബംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തില്‍നിന്ന് തകര്‍പ്പന്‍ വിജയവുമായി തിരികെ കയറിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ ആദ്യ പകുതിയുടെ ഇന്‍ജറി ടൈമില്‍ (45+2) പെനല്‍റ്റിയില്‍നിന്ന് ഹെസൂസ് ഹിമെനെ നേടി.
പ്രീതം കോട്ടാലിന്റെ പിഴവില്‍നിന്നായിരുന്നു ബംഗളൂരുവിന്റെ ആദ്യ ഗോള്‍. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് വന്ന പന്ത് ഗോള്‍കീപ്പറില്‍നിന്ന് ചോദിച്ചുവാങ്ങിയ പ്രീതം കോട്ടാല്‍, അപകടം അടിച്ചൊഴിവാക്കുന്നതിനു പകരം സമ്മര്‍ദ്ദം ചെലുത്തി അുത്തേക്ക് വന്ന മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹോര്‍ഹെ പെരേര ഡയസിനെ വെട്ടിയൊഴിയാന്‍ നടത്തിയ ശ്രമം പാളിയതാണ് ഗോളിനു വഴിവച്ചത്.
ഗോള്‍കീപ്പര്‍ സോംകുമാറിന്റെ പിഴവില്‍നിന്ന് സന്ദര്‍ശകരുടെ രണ്ടാം ഗോള്‍ വന്നു. 74ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് യാതൊരു അപകടവും സൃഷ്ടിക്കാതെ ഗോള്‍കീപ്പര്‍ സോംകുമാറിന്റെ കൈകളിലേക്ക് എത്തിയത് നിയന്ത്രിക്കാനാവാതെ പോയത് രണ്ടാം ഗോളില്‍ കലാശിച്ചു. ബോക്‌സിനുള്ളില്‍ തക്കംപാര്‍ത്തുനിന്ന പകരക്കാരന്‍ താരം എഡ്ഗാര്‍ മെന്‍ഡസ്, മുന്നില്‍നിന്ന കേരള ബ്ലാസ്റ്റേഴ്‌സ്താരത്തെ വട്ടംചുറ്റി തൊടുത്ത ഷോട്ട് വലയില്‍ കയറി.
അവസാന നിമിഷം ഏതു വിധേനയും സമനില പിടിക്കാനുള്ള ശ്രമത്തില്‍ ഗോള്‍പോസ്റ്റ് തുറന്നുകൊടുത്ത് മൂന്നാം ഗോളും വഴങ്ങി. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കിടെ വീണുകിട്ടിയ പന്തുമായി എഡ്ഗാര്‍ മെന്‍ഡസ് മുന്നേറുമ്പോള്‍ ഗോളി സോംകുമാര്‍ മുന്നോട്ടു കയറി നില്ക്കുകയായിരുന്നു. തടയാനായി സോംകുമാര്‍ പിന്നാലെയെത്തിയെങ്കിലും സമര്‍ഥമായി വെട്ടിയൊഴിഞ്ഞ് മെന്‍ഡസ് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറി.
ഒന്നാം പകുതിയുടെ അന്ത്യഘട്ടത്തില്‍ ബംഗളൂരു പ്രതിരോധത്തെ ഓടിത്തോല്‍പ്പിച്ച് ബോക്‌സിനുള്ളില്‍ കടന്ന ക്വാമി പെപ്രയെ പിന്നില്‍നിന്നെത്തിയ രാഹുല്‍ ഭെക്കെ വീഴ്ത്തിയതിനു കിട്ടിയ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍. ഹെസൂസ് ഹിമെനെയെടുത്ത ഷോട്ട് ഗുര്‍പ്രീത് സന്ധുവിന്റെ നീട്ടിയ കൈകളെ മറികടന്ന് വലയില്‍ കയറി. സീസണില്‍ ബംഗളൂരു വഴങ്ങിയ ആദ്യ ഗോളാണിത്.
ഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പുകച്ചുകളഞ്ഞു. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച നോഹ സദൂയി പരുക്കുമൂലം ഈ മത്സരത്തില്‍ കളിക്കാതിരുന്നതും നിര്‍ണായകമായി.
സീസണില്‍ ആറു കളികളില്‍നിന്ന് ബംഗളൂരുവിന്റെ അഞ്ചാം ജയമാണിത്. ഇതോടെ, ഒരു സമനില കൂടി ചേര്‍ത്ത് 16 പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആറു കളികളില്‍നിന്ന് രണ്ടാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 8 പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു.