പാലക്കാട്: ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെ പാലക്കാടേക്ക് സ്വാഗതം ചെയ്തുകൊണ്ടു സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് കത്തിച്ചത് പാർട്ടിയിൽ പുതിയ കലാപത്തിനു കാരണമായി. സി.കൃഷ്ണകുമാറിനെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ശോഭയുടെ ഫ്‌ളക്‌സ് കത്തിച്ചത്.
Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. ബി.ജെ.പി. ദേശീയ കൗൺസിലംഗം ശിവരാജനടക്കമുള്ള നേതാക്കൾ അവർക്കു ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ശോഭയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ, പ്രാദേശികമായി സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ കൃഷ്ണകുമാർ ഒടുവിൽ സ്ഥാനാർത്ഥി ആയിരുന്നു.
കൃഷ്ണകുമാറിനെ സ്ഥാനാർത്ഥി ആക്കിയില്ലെങ്കിൽ പകരം വരുന്നയാളെ വാരിക്കിടത്തും എന്ന ഭീഷണി ഉയർന്നിരുന്നതായും പറയപ്പെടുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പാലക്കാട് സ്ഥാനാർത്ഥിയായി വരുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ സുരേന്ദ്രൻ നിഷേധിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ, കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും ഭീഷണിക്കു മുന്നിൽ സുരേന്ദ്രനും പിന്മാറി.
കൃഷ്ണകുമാർ പാലക്കാട് മത്സരത്തിനിറങ്ങുമ്പോൾ ബി.ജെ.പി. ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ശോഭയുടെ ഫ്‌ളക്‌സ് കത്തിച്ചത് അവരെ പിന്തുണയ്ക്കുന്നവരെ കുപിതരാക്കിയിട്ടുണ്ട്. വോട്ടെടുപ്പിൽ അതു പ്രതിഫലിക്കുമോ എന്ന കാര്യമാണ് ഇനി അറിയാനുളളത്.