തിരുവനന്തപുരം: മുൻ എ.ഡി.എം. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ ടി.വി.പ്രശാന്തിനെ സർക്കാർ ജീവനക്കാരനാക്കി സ്ഥിരപ്പെടുത്തുന്ന നടപടിയുമായി മുന്നോട്ടു പോകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.
പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാരനാണ്. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ അന്നുണ്ടായിരുന്ന ജീവനക്കാരെ സർക്കാർ ഉദ്യോഗസ്ഥരായി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി പ്രശാന്തിനെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ആ നടപടികൾ മുന്നോട്ടു നീക്കില്ല എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.
പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനാണ് എന്ന വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. അപ്പോൾ തന്നെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ വിളിച്ച് അടിയന്തരമായി അന്വേഷിക്കണം എന്നു പറഞ്ഞിരുന്നു. പിന്നീട് പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും വിളിക്കുകയും വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു.
പ്രശാന്ത് സർവീസിലുണ്ടാവാൻ പാടില്ല എന്നാണ് വകുപ്പിന്റെ നിലപാട്. അയാളെ സസ്‌പെൻഡു ചെയ്യേണ്ട കാര്യമില്ല. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നയാളെ കൃത്യമായ അന്വേഷണം നടത്തി അവലോകനം ചെയ്ത് നിയമോപദേശം കൂടി വാങ്ങി പിരിച്ചുവിടുക എന്നുള്ളതാണ് തീരുമാനം.
സർക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥയുണ്ട്. അങ്ങനെയുള്ള ഒരു അപേക്ഷയും അവിടെ ലഭിച്ചതായി കാണുന്നില്ല. ഇതു സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ നേരിട്ട് അന്വേഷിക്കും. അദ്ദേഹത്തിന്റെ റിപ്പോർട്ടു കൂടി ലഭിച്ച ശേഷം നിയമോപദേശം വാങ്ങി പിരിച്ചുവിടൽ നടപടിയുണ്ടാവുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു.