തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യങ്ങൾക്ക് ചുട്ടമറുപടി നല്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവന് കത്തുനല്കി. ഗവർണർ കേരള സർക്കാരിനോടു ചോദിച്ച കാര്യങ്ങൾക്കുള്ള മറുപടി നല്കാൻ കേന്ദ്ര സർക്കാരിനാണ് സാധിക്കുക എന്നാണ് മുഖ്യമന്ത്രിയുടെ കത്തിന്റെ ആകെത്തുക.
Follow the FOURTH PILLAR LIVE channel on WhatsApp
നികുതി വെട്ടിച്ച് എത്തുന്ന സ്വർണത്തിന്റെ വിവരം കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് അനധികൃതമായി കൊണ്ടുവരുന്ന സ്വർണം പിടിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസിനാണ്. നികുതിവെട്ടിപ്പ് സ്വർണം എത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കള്ളക്കടത്ത് നികുതി ചോർത്തുന്നതിനൊപ്പം ക്രമസമാധാന പ്രശ്‌നങ്ങൾ കൂടി ഉണ്ടാക്കുന്നതിനാൽ പൊലീസ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. വിമാനത്താവളത്തിലെ പരിശോധന വെട്ടിച്ച് സ്വർണം എത്തുന്നത് കസ്റ്റംസിന്റെ വീഴ്ച കാരണമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സെപ്റ്റംബർ 21ന് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ ചില വിമാനത്താവളങ്ങൾ വഴിയെത്തിയ സ്വർണം പൊലീസ് പിടികൂടിയതിന്റെ കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്വീകരിച്ച നടപടിയാണ് മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചതെന്ന് പിണറായി കത്തിൽ പറഞ്ഞു.
ദേശീയ ദിനപത്രമായ ഹിന്ദുവിലെ അഭിമുഖത്തിൽ വന്ന തന്റേതലാത്ത പരാമർശങ്ങളുടെ പേരിൽ വീണ്ടും അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ അച്ചടിച്ചുവന്നത് തന്റെ ഓഫീസ് നിഷേധിച്ചിരുന്നു. അവർക്ക് തെറ്റുപറ്റിയതാണെന്ന് പത്രം സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയെ ഇരുട്ടിൽ നിർത്തി ഉദ്യോഗസ്ഥരോടു ഹാജരാകാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടി ശരിയല്ലെന്ന നിലപാട് പിണറായി കത്തിൽ ആവർത്തിച്ചിട്ടുണ്ട്.
സ്വർണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന ‘ദേശവിരുദ്ധ’ പരാമർശം, പി.വി.അൻവർ എം.എൽ.എ. വെളിപ്പെടുത്തിയ ഫോൺ ചോർത്തൽ ആരോപണം എന്നിവയെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബും ചൊവ്വാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഹാജരാകേണ്ടതില്ലെന്നു സർക്കാർ നിർദ്ദേശം നല്കി. സർക്കാർ അറിയാതെ ഇവരെ വിളിച്ചുവരുത്താൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ കത്തു നല്കുകയും ചെയ്തു.
ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയുമടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ നേരിട്ടു ഹാജരാകാൻ നിർദ്ദേശിക്കുന്നത് ജനാധിപത്യ തത്ത്വങ്ങൾക്കും ഭരണഘടനാ വ്യവസ്ഥകൾക്കും എതിരാണെന്നാണ് സർക്കാർ നിലപാട്. ഇത് ഭരണഘടനയുടെ അനുച്ഛേദം 154, 163, 167 എന്നിവയ്ക്ക് അനുസൃതമല്ല. ഭരണഘടനാ ചുമതലകളിൽ ഗവർണർക്ക് ഉപദേശം നല്കാനുള്ള ബാദ്ധ്യത മന്ത്രിസഭയ്ക്കാണ്. ഭരണഘടന പ്രകാരവും റൂൾസ് ഓഫ് ബിസിനസ് പ്രകാരവും വിവരങ്ങൾ നല്കാൻ വ്യവസ്ഥയുണ്ട്. ഇതൊന്നുമല്ലാത്ത അസാധാരണ നിർദ്ദേശമാണ് രാജ്ഭവൻ നല്കിയതെന്നാണ് സർക്കാർ വാദം.
അൻവറിന്റെ പരാതി കിട്ടിയതു മുതൽ സർക്കാർ സ്വീകരിച്ച നടപടികൾ ഗവർണർക്കു നല്കിയ ഈ കത്തിൽ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എസ്.പി. സുജിത് ദാസിന്റെ സസ്‌പെൻഷൻ, എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണം, മറ്റു നടപടികൾ എന്നിവയാണ് വിശദീകരിച്ചത്. ഫോൺ ചോർത്തിയതായി ആരോപിച്ച അൻവർ തന്നെ അന്വേഷണ സംഘത്തോട് അതു നിഷേധിച്ചിട്ടുണ്ട്. മന്ത്രിമാരുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയോ ഫോൺ പൊലീസ് ചോർത്തിയിട്ടില്ലെന്നും മുഖ്യന്ത്രി കത്തിൽ പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും രാഷ്ട്രപതിക്ക് റിപ്പോർട്ട് അയയ്ക്കാൻ വിവരങ്ങൾ കിട്ടിയേ തീരൂ എന്നും കാട്ടി ഗവർണർ വീണ്ടും കത്തുനല്കി. ആ കത്തിനുള്ള മറുപടിയാണ് ഇപ്പോൾ മുഖ്യമന്ത്രി കുറച്ചുകൂടി കടുത്ത ഭാഷയിൽ നല്കിയിരിക്കുന്നത്.