ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൈപ്പ് ബോംബിനു സമാനമായ വസ്തു കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കി. മണിക്കൂറുകൾക്കുശേഷം എറണാകുളത്തുനിന്നെത്തിയ ബോംബ് സ്‌ക്വാഡ് ഇതു പൊട്ടിച്ച് നിർവീര്യമാക്കി. അവശിഷ്ടങ്ങൾ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കയച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ചൊവ്വാഴ്ച സന്ധ്യക്കാണ് ആലപ്പുഴ കടപ്പുറത്ത് കപ്പൽ സ്ഥാപിച്ചതിനു സമീപത്തു നിന്ന് 75 മീറ്റർ മാറി തീരത്ത് ഇരുവശങ്ങളും അടച്ച പൈപ്പുകഷ്ണം സഞ്ചാരികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയതിനെത്തുടർന്ന് അവർ പൊലീസിനെ അറിയിച്ചു. ഡോഗ് സ്‌ക്വാഡും മെറ്റൽ ഡിറ്റക്ടറുമായി പൊലീസെത്തി നടത്തിയ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തി.
ഇതേത്തുടർന്ന് ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. അവർ എത്തിയ ശേഷം നടത്തിയ പരിശോധനയിലും ലോഹസാന്നിധ്യം ഉറപ്പിച്ചു. പൊട്ടാനുള്ള സാധ്യതയെത്തുടർന്ന് സ്‌കാൻ ചെയ്തു പരിശോധിച്ചശേഷം രാത്രി പതിനൊന്നോടെ പൊട്ടിച്ച് നിർവീര്യമാക്കുകയായിരുന്നു.
തീരത്തെങ്ങനെ ഈ ബോംബ് വന്നു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.