Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. തിരുവമ്പാടി പുല്ലൂരാംപാറ റൂട്ടിൽ കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.
നാൽപ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആനക്കാംപൊയിലിൽ നിന്ന് മുക്കത്തേക്ക് പോകുകയായിരുന്ന ബസാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് കുത്തനെ തലകീഴായി മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിന്നു.
ബസ് നല്ല വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പാലത്തിന്റെ കൈവരിയും തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. യാത്രക്കാരിൽ ചിലർ വെള്ളത്തിൽ വീണു.
മുൻഭാഗത്തിരുന്നവർക്കാണ് സാരമായി പരുക്കേറ്റത്. ബസിന്റെ പിൻഭാഗത്ത് ഇരുന്നവർ തെറിച്ച് മുൻവശത്തേക്ക് എത്തി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് യാത്രക്കാരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. കുടുങ്ങിപ്പോയ ചിലരെ പുറത്തെടുക്കാൻ അഗ്‌നിരക്ഷാ സേനയുടെ സേവനം വേണ്ടിവന്നു.