ഒരു ലക്ഷത്തിലധികം പേരുടെ ഇ-കെ.വൈ.സി. അസാധുവായി
അസാധു ആയവർക്ക് റേഷൻ ലഭിക്കുന്നത് തടസ്സപ്പെട്ടേക്കും
അസാധുവായവരുടെ കാര്യത്തിൽ തുടർനടപടി തീരുമാനമായില്ല
തിരുവനന്തപുരം: ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ തമ്മിലുള്ള പൊരുത്തക്കേട് വലിയ പ്രശ്‌നമാകുന്നു. പേരിലുള്ള വ്യത്യാസം കാരണം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവായി. ഇതോടെ ഇവർക്ക് റേഷൻ ധാന്യങ്ങൾ ലഭിക്കുന്നത് തടസ്സപ്പെടുന്ന അവസ്ഥയിലായിരിക്കുകയാണ്.
Follow the FOURTH PILLAR LIVE channel on WhatsApp
റേഷൻകടകളിലെ ഇ -പോസ് യന്ത്രങ്ങൾ മുഖേന വിജയകരമായി മസ്റ്ററിങ് പൂർത്തിയാക്കിയവരുടെ ഇ-കെ.വൈ.സിയാണ് താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷം അസാധുവാക്കിയത്. പേരിലെ ചേർച്ചയില്ലായ്മ 30 ശതമാനത്തിലധികമാണെങ്കിൽ മസ്റ്ററിങ്ങിനു സാധുത നൽകില്ല.
റേഷൻകടകളിലെ യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതി മടങ്ങിയിരിക്കുകയാണ്. എന്നാൽ, താലൂക്കുതല പരിശോധനയിൽ മസ്റ്ററിങ് അസാധുവാക്കപ്പെട്ട കാര്യം അവരറിഞ്ഞിട്ടില്ല.
ആദ്യഘട്ട മസ്റ്ററിങ് തുടങ്ങിയപ്പോൾത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ്‌നം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടർനടപടിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ചൊവ്വാഴ്ച വരെയാണ് സംസ്ഥാനത്ത് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിനുശേഷം തീരുമാനമുണ്ടാകും.
മഞ്ഞ, പിങ്ക് കാർഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത പരിശോധിക്കാനുണ്ട്. അതുകൂടി കഴിയുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയുമുയരുമെന്നാണ് കരുതപ്പെടുന്നത്.
വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവരുമുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂർത്തിയാക്കേണ്ടിവരും. എന്നാൽ, റേഷൻകടകളിൽ ഐറിസ് സ്‌കാനറില്ല എന്നത് പ്രതിസന്ധിയാകും. അക്ഷയ കേന്ദ്രങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണിക്കുന്നുണ്ട്.