നിയമസസഭയിൽ സംഘർഷം
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ
സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറി പ്രതിപക്ഷം
സുരക്ഷാജീവനക്കാരുമായി കൈയാങ്കളി
മലപ്പുറം അടിയന്തരപ്രമേയം ചർച്ച അനുവദിച്ചെങ്കിലും നടന്നില്ല
തിരുവനന്തപുരം: എട്ടു വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിനിടെയുള്ള ഏറ്റവും തീവ്ര പ്രതിപക്ഷ പ്രതിഷേധത്തിന് നിയമസഭ സാക്ഷ്യം വഹിച്ചു. സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളും സുരക്ഷാജീവനക്കാരും തമ്മിൽ കൈയാങ്കളിയിലേർപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ തുടങ്ങിയ സംഘർഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നേർക്കുനേർ ഏറ്റുമുട്ടുന്നതിൽ കലാശിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറത്ത് സ്വർണക്കടത്തും ഹവാല ഇടപാടുകളും കൂടുതലാണെന്നും ഇത് ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്ന പരാമർശത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം ചർച്ചചെയ്യാൻ സർക്കാർ തയ്യാറായത് അപ്രതീക്ഷിതമായിരുന്നു. പ്രതിപക്ഷബഹളം കാരണം ചർച്ച നടക്കാത്ത സ്ഥിതിയായി. പ്രതിപക്ഷം ഒളിച്ചോടിയെന്ന് ഭരണപക്ഷം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ 49 ചോദ്യങ്ങൾ സഭയിൽ നേരിട്ട് ഉന്നയിക്കാൻ അനുവദിക്കാതെ രേഖാമൂലം ഉത്തരം നൽകേണ്ട ചോദ്യമാക്കി മാറ്റിയ സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്. സ്പീക്കറെ അധിക്ഷേപിച്ചെന്നും പ്രതിപക്ഷനേതാവിന് നിലവാരമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചതോടെ ബഹളം. പ്രതിപക്ഷം ചോദ്യോത്തരം ബഹിഷ്‌കരിച്ചു. തിരികെ വന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.
അടിയന്തരപ്രമേയ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 12 മണിക്ക് ചർച്ച നിശ്ചയിച്ചു. ഈ ഘട്ടത്തിൽ സതീശൻ മുഖ്യമന്ത്രിക്ക് മറുപടിയുമായി എണീറ്റു. മുഖ്യമന്ത്രിയെപ്പോലെ അഴിമതിക്കാരനാവരുതേ എന്നാണ് ദിവസവും പ്രാർഥിക്കുന്നതെന്നായിരുന്നു സതീശന്റെ പരാമർശം. സതീശൻ കാപട്യക്കാരനാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരേ സതീശൻ പറഞ്ഞത് രേഖകളിൽനിന്ന് ഒഴിവാക്കി. എന്നാൽ, മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെതിരേ പറഞ്ഞത് നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.
മലപ്പുറം പരാമർശത്തിലെ ചർച്ച ഒഴിവാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കുടുങ്ങിയല്ലേ’ എന്ന് പ്രതിപക്ഷത്തോട് സ്പീക്കറും ചോദിക്കുന്നുണ്ടായിരുന്നു. ‘ആർ.എസ്.എസ്. അജൻഡ പി.വി.യുടെ സ്‌ക്രിപ്റ്റ്’ എന്നെഴുതിയ ബാനർ ഉയർത്തി പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ചു. സഭ നിർത്തില്ലെന്ന് സ്പീക്കർ ഉറപ്പിച്ചുപറഞ്ഞു.
അപ്പോൾ മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, സി.ആർ.മഹേഷ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറി. തുടർന്നാണ് സുരക്ഷാജീവനക്കാരുമായി കൈയാങ്കളിയായത്. അടിയന്തരപ്രമേയ ചർച്ചയിലേക്കു കടക്കാതെ ബിൽ അവതരണം പൂർത്തിയാക്കി സഭപിരിഞ്ഞു.