കൊച്ചി: ആടുജീവിതം എന്ന സിനിമയില്‍ പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെ.ആര്‍.ഗോകുല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മ്ലേച്ചന്‍. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ചുസംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച തുടങ്ങി.
Follow the FOURTH PILLAR LIVE channel on WhatsApp
കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ ഉമാ തോമസ് എം.എല്‍.എ. ദീപം തെളിയിച്ചു. മേപ്പാട് ശങ്കരന്‍ നമ്പൂതിരി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. കെ.ആര്‍.ഗോകുല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. സ്പുട്‌നിക് ഫിലിംസിന്റെ ബാനറില്‍ സിന്‍ജോ ഒറ്റത്തൈക്കല്‍, അഭിനയ് ബഹുരു പി, പ്രദുല്‍ഹെ ലോഡ്, വിനോദ് രാമന്‍ നായര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അഹിംസാസിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍ ഇന്ന് ഈ സമൂഹത്തില്‍ ജീവിച്ചാല്‍ എന്താണവസ്ഥ എന്നാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ അടിവരയിട്ടു വരച്ചിരിക്കുന്ന പല അലിഖിത നിയമങ്ങളും ഇതുമായി ബന്ധപ്പെടുമ്പോഴാണ് ചിത്രത്തിനു പ്രസക്തി വര്‍ദ്ധിക്കുന്നത്. ബോളിവുഡില്‍ കഴിഞ്ഞ കുറേക്കാലമായി പ്രവര്‍ത്തിക്കുന്നയാളാണ് വിനോദ് രാമന്‍ നായര്‍. അവിടെ സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും പ്രവര്‍ത്തിച്ച പരിചയവുമായാണ് ഇപ്പോള്‍ സംവിധാനരംഗത്തെത്തുന്നത്.
ഏറെ ശ്രദ്ധിക്കപ്പെട്ട ഗോളം എന്ന സിനിമയില്‍ നായികയായി തിളങ്ങിയ ഗായത്രി സതീഷ് ആണു നായിക. ഗുരു സോമസുന്ദരം, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്ത്, ശ്രുതി ജയ്ന്‍, ആദില്‍ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസല്‍, ശ്രീകാന്ത്, പൊന്നമ്മ ബാബു, ആമി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഭാഷണം – യതീഷ് ശിവനന്ദന്‍, ഗാനങ്ങള്‍ കൈതപ്രം, സന്തോഷ് വര്‍മ്മ, ശ്രീജിത്ത് കഞ്ചിരാമുക്ക്, സംഗീതം -അഭിനയ് ബഹുരൂപി, ഛായാഗ്രഹണം -പ്രദിപ് നായര്‍, ചിത്രസംയോജനം -സുനില്‍.എസ്.പിള്ള, പ്രൊഡക്ഷന്‍ ഡിസൈനര്‍ -അര്‍ക്കന്‍ എസ്.കര്‍മ്മ, ചമയം -നരസിംഹസ്വാമി, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ മാനേജര്‍. ശിവപ്രസാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സിന്‍ജോ ഒറ്റത്തൈക്കല്‍.
കൊച്ചി, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.