പത്തനംതിട്ട: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റൊരു കാറിലും മിനി ലോറിയിലും ഇടിച്ച് അപകടമുണ്ടാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനമോടിച്ചത്. അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
Follow the FOURTH PILLAR LIVE channel on WhatsApp
വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്തായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും റോഡരികത്ത് നിർത്തിയിട്ടിരുന്ന കാറിലും നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയർ ഇടിക്കുകയായിരുന്നു.
നടി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നടിക്കെതിരെ പൊലീസ് കേസെടുത്തു. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി.
രജിതയുടെ കഴുത്തിന് അപകടത്തിൽ പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.