തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്‌സിങ് ലുലു മാളിൽ
ഒരു മണിക്കൂറിനുള്ളിൽ 4,500 കിലോയിലധികം ചേരുവകൾ മിക്‌സ് ചെയ്തു
250ലധികം പേർ പങ്കെടുത്തു
തിരുവനന്തപുരം: ലുലു മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ രൂപമാണ് കാഴ്ചക്കാരെ ആദ്യം അമ്പരിപ്പിച്ചത്. പിന്നാലെ ക്രിസ്മസ് ട്രീ രൂപത്തിന് ചുറ്റുമായി ലുലു മാളിലെ 250ലധികം ജീവനക്കാർ അണിനിരന്നതോടെ ആകാംക്ഷയേറി. ക്രിസ്മസിനെ വരവേറ്റ് സംഗീതം കൂടി മുഴങ്ങിയതോടെ ലുലു മാൾ സാക്ഷ്യം വഹിച്ചത് തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്‌സിങ് ആഘോഷങ്ങളിലൊന്ന്.
Follow the FOURTH PILLAR LIVE channel on WhatsApp
ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്‌സിങ്. ഒരു മണിക്കൂറിനുള്ളിൽ 4,500 കിലോയിലധികം ചേരുവകൾ മിക്‌സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്‌ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ, മിക്‌സഡ് പീൽ ഉൾപ്പെടെ 25 ഓളം ചേരുവകളുണ്ടായിരുന്നു.
മാളിലെ ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും മിക്‌സിങ്ങിൽ പങ്കെടുത്തു. കേക്ക് മിക്‌സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുക. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേർക്കാതെയാണ് ലുലുവിൽ കേക്ക് നിർമ്മിക്കുന്നത്.
20,000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റ് തയ്യാറാക്കുക. ചോക്ലേറ്റ് പ്ലം, പ്രീമിയം പ്ലം, റിച്ച് പ്ലം, ലോ ഷുഗർ പ്ലം, വാല്യു പ്ലം തുടങ്ങി 21 ലധികം വ്യത്യസ്ത ഫ്‌ളേവറുകളിലാണ് കേക്കുകൾ ലഭ്യമാവുക.
കഴിഞ്ഞ വർഷം ഏറ്റവുമധികം ചേരുവകൾ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്‌സിങ് ലോക റെക്കോഡ് സൃഷ്ടിച്ചിരുന്നു.