29 C
Trivandrum
Sunday, November 9, 2025

പുഷ്പന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: സഹനത്തിന്റെ പ്രതീകമായി മൂന്നു പതിറ്റാണ് കേരള സമൂഹത്തില്‍ നിലനിന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍(54) വിട വാങ്ങി. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശനി പകല്‍ മൂന്നരയോടെ അന്തരിച്ചു.

1994 നവംബര്‍ 25ന് യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ കൂത്തുപറമ്പില്‍ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കെ.കെ.രാജീവന്‍, കെ.വി.റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായിരുന്നു. വെടിയേറ്റ് ഇരുപത്തിനാലുകാരനായ പുഷ്പന്റെ സുഷുമ്‌നാനാഡി തകര്‍ന്നു. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള യാത്രയ്ക്കിടയിലും സമകാലിക രാഷ്ട്രീയ- സാമൂഹിക സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റശബ്ദമായി പുഷ്പന്‍. കമ്യൂണിസ്റ്റുകാരന്റെ ഇച്ഛാശക്തിയോടെ അന്ത്യംവരെ പൊരുതി.

അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. ഒടുവില്‍ ഓഗസ്റ്റ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലസംഘത്തിലും എസ്.എഫ്.ഐയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വീട്ടിലെ പ്രയാസം കാരണം പഠനംനിര്‍ത്തി ആണ്ടിപ്പീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൂത്തുപറമ്പ് സമരത്തില്‍ പങ്കെടുത്തത്. സി.പി.എം. നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമാണ്.

ഡി.വൈ.എഫ്.ഐ. നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. കര്‍ഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി). സംസ്‌കാരം ഞായര്‍ വൈകിട്ട് അഞ്ചിന് ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത്.

Recent Articles

Related Articles

Special

Enable Notifications OK No thanks