29 C
Trivandrum
Tuesday, March 25, 2025

തൃശ്ശൂരിലെ എ.ടി.എം. കള്ളനെ തമിഴ്‌നാട് പൊലീസ് വെടിവെച്ചു കൊന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം. കവര്‍ച്ച നടത്തിയ സംഘവും തമിഴ്നാട് പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കൊല്ലപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ശേഷിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ നിന്നും കേരള പൊലീസ് സംഘം തമിഴ്നാട്ടിലേയ്ക്ക് പോകും.

നാമക്കലിന് സമീപമാണ് ആറംഗ സംഘം പൊലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പൊലീസിന്റെ വെടിയേറ്റുമരിച്ചു. കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.

മോഷണത്തിനായി ഉപയോഗിച്ച കാര്‍ കണ്ടെയ്നര്‍ ലോറിക്കുള്ളില്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എസ്.കെ. ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നര്‍. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പൊലീസ് കണ്ടെയ്നര്‍ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. പിന്നില്‍ പ്രൊഫഷണല്‍ ഗ്യാങ് ആണെന്ന് സംശയിക്കുന്നതായി തൃശ്ശൂര്‍ എസ്.പി. നേരത്തേ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് 2.10ന് ആദ്യം മോഷണം നടന്നത്.
കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകള്‍ ഈ എ.ടി.എമ്മില്‍ അധികൃതര്‍ നിറച്ചിരുന്നു. ഇത് കവര്‍ച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എ.ടി.എമ്മുകള്‍ക്കു മുന്നിലെ സി.സി.ടി.വി. ക്യാമറകള്‍ക്കുമേല്‍ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks