Follow the FOURTH PILLAR LIVE channel on WhatsApp
നേരത്തെ സംശയിച്ചടത്ത് കാര്യങ്ങള്‍ എത്തി
ന്യൂഡല്‍ഹി: തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്.
നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞിട്ടുള്ളത്. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു. ഇതില്‍ നിന്നും ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു. എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്നുന്നുവെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നും സ്വയം അറിയിച്ചു. പിന്നീട് ഒരു ഘട്ടത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതികരിക്കും.
അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ്. ഈ നിലപാട് പ്രഖ്യാപിച്ച അന്വേഷണത്തിന് തടസമാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.