29 C
Trivandrum
Saturday, April 26, 2025

ഒളിമ്പിക് അസോസിയേഷനില്‍ ചേരിതിരിവ് , പി.ടി.ഉഷയ്‌ക്കെതിരെ സാമ്പത്തിക ആരോപണവും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ ചേരിതിരിവ്. അദ്ധ്യക്ഷ പി.ടി. ഉഷയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രബല പക്ഷമാണ് ചേരിതിരിവ് സൃഷ്ടിച്ചത്. സാമ്പത്തിക ആരോപണങ്ങളടക്കം പി.ടി. ഉഷയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതിനിധി ജെറോം പോവി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കവെയാണ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് ആരോപണങ്ങളുമായി രംഗത്തു വന്നത്.
ഐ.ഒ.എ.യുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കാന്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങള്‍ ഇതിനെതിരാണ്. രഘുറാമിനുനല്‍കുന്ന ശമ്പളത്തെച്ചൊല്ലിയാണ് വലിയ തര്‍ക്കമുയരുന്നത്. നിയമനം അസാധുവാക്കണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. എതിര്‍ വിഭാഗം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയ 14 വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പി.ടി. ഉഷയും അംഗീകരിച്ചില്ല. പാരിസ് ഒളിമ്പിക്‌സില്‍ ചട്ടവിരുദ്ധമായി അധിക പണം ചെലവഴിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളിലും അംഗങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടു.
സി.ഇ.ഒ.യുടെ നിയമനം കമ്മിറ്റി അംഗീകരിച്ചതാണെന്നും അത് റദ്ദാക്കി നിയമന നടപടികള്‍ വീണ്ടും തുടങ്ങുന്നത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാധിക്കുമെന്നും ഐ.ഒ.എ. അധ്യക്ഷ പി.ടി. ഉഷ അഭിപ്രായപ്പെടുന്നു. 2036 ഒളിമ്പിക്‌സിന്റെ വേദി സ്വന്തമാക്കാന്‍ ഇന്ത്യ ശ്രമംതുടങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളംനീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സി.ഇ.ഒ.യെ തിരഞ്ഞെടുത്തത്. ഇനി എല്ലാം ആദ്യംതൊട്ട് തുടങ്ങണമെന്നാണ് അംഗങ്ങള്‍ പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ഐ.ഒ.എ.യെ ശരിയായ ദിശയിലെത്തിക്കാനാണ് തന്റെ ശ്രമം. ഉഷ പറഞ്ഞു.
ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഐ.ഒ.എ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബെ തയ്ക്വാന്‍ഡോ അസോസിയേഷന് അംഗീകാരം നല്‍കിയതിനെതിരെ പ്രസിഡന്റ് പി.ടി. ഉഷ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks