മൊഴിയില്‍ ആര്‍.എസ്.എസ്. കൂടിക്കാഴ്ച സമ്മതിച്ചാല്‍ നടപടി
തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് മേധാവി ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
നേരത്തെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആര്‍.എസ്.എസ്. കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളിലും മൊഴി രേഖപ്പെടുത്തും.
സ്വര്‍ണക്കടത്ത് കേസ്, റിദാന്‍ വധം, തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്. ആര്‍.എസ്.എസ്. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡി.ജി.പിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥത വഹിച്ച ആര്‍.എസ്.എസ്. നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ദിവസങ്ങളുടെ ഇടവേളയില്‍ എ.ഡി.ജി.പി. കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇക്കാര്യം എ.ഡി.ജി.പി. സമ്മതിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു എന്നായിരുന്നു വിശദീകരണം.
എന്നാല്‍ കൂടിക്കാഴ്ചയും തൃശ്ശൂര്‍ പൂരം കലക്കലുമായി ചേര്‍ത്തുവച്ച് സി.പി.ഐ. നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആര്‍.എസ്.എസ്സുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്നും എ.ഡി.ജി.പിയെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റണമെന്നുമാണ് സി.പി.ഐയുടെ ആവശ്യം.
എം.ആര്‍.അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസെടുത്ത് അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ ആര്‍.എസ്.എസ്. നേതൃത്വം അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നേതാക്കള്‍ മൊഴി നല്‍കില്ല. ഇങ്ങനെ വന്നാല്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷം ചോദ്യം ചെയ്യാന്‍ ഔദ്യോഗികമായി നോട്ടീസ് നല്‍കും.
ഇക്കാര്യത്തില്‍ കേരള പൊലീസ് മേധാവിയായിരിക്കില്ല അന്തിമ തീരുമാനമെടുക്കുക. നിയമപരമായ സങ്കീര്‍ണതകളുള്ള സാഹചര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനം എടുക്കുക. കൂടിക്കാഴ്ച അജിത് കുമാര്‍ മൊഴിയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ച് വിഷയം അവസാനിപ്പിക്കുകയാകും സര്‍ക്കാരിനു മുന്നിലുള്ള പോംവഴി.