ടെല്‍ അവിവ്: ലെബനനില്‍ കരയുദ്ധത്തിന് തയ്യാറായാരിക്കാന്‍ തങ്ങളുടെ സൈനികര്‍ക്ക് ഇസ്രായേല്‍ നിര്‍ദ്ദേശം നല്കി. കരയാക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്ന് ഇസ്രായേല്‍ കരസേനാ മേധാവി ലെഫ്.ജനറല്‍ ഹെര്‍സി ഹലേവി സൈനികരോടു പറഞ്ഞു. ഇസ്രായേലിനെതിരെ തങ്ങളുടെ ഏറ്റവും ശക്തമായ ആക്രമണം നടക്കാന്‍ പോകുന്നുവെന്ന് ഹിസ്ബുള്ള അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ ഇതുവരെ 569 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ട്. 1,835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ നിന്നും സുരക്ഷ തേടി തെക്കന്‍ ലെബനനില്‍ നിന്നും പതിനായിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. മൃതദേഹം റോഡുകളില്‍ ചിതറിക്കിടക്കുകയാണെന്ന് ലെബനനില്‍ നിന്നും പലായനം ചെയ്യുന്നവര്‍ പറയുന്നു.
മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാംഹിം മുഹമ്മദ് ക്വുബൈസി (അബു മുസ) കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ബെയുറൂട്ടിലെ തെക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ക്വുബൈസിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ക്വുബൈസിയെ കൂടാതെ മറ്റ് രണ്ട് കമാന്‍ഡര്‍മാരെയും ആറ് പേരെയും വധിച്ചുവെന്നായിരുന്നു ഇസ്രേയല്‍ അവകാശപ്പെട്ടത്. ഇസ്രയേലിന്റെ നിഗമനം അനുസരിച്ച് ഹിസ്ബുള്ളയുടെ വിവിധ മിസൈല്‍ യൂണിറ്റുകള്‍ക്ക് നേതൃത്വം നല്‍കിയത് ക്വുബൈസിയാണ്.

കഴിഞ്ഞയാഴ്ച തുടങ്ങിയ ഇസ്രായേല്‍ -ഹിസ്ബുള്ള പോര് ഗാസയിലെ സംഘര്‍ഷത്തിന് പുതിയ മാനങ്ങള്‍ നല്കിയിട്ടുണ്ട്. ലെബനനില്‍ കരയാക്രണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പറഞ്ഞത്. ബുധനാഴ്ച ടെല്‍ അവിവനെ ലക്ഷ്യമിട്ട് തൊടുത്ത മിസൈല്‍ അടക്കമുള്ള വ്യോമാക്രമണം ഹിസ്ബുള്ള നടത്തിയിരുന്നു. വടക്കന്‍ ഇസ്രായേലിലേക്കു മാത്രം 140 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ഇസ്രയേലിലെ അറ്റ്ലിറ്റ് നാവിക താവളത്തെ ലക്ഷ്യം വെച്ചാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. യുദ്ധസമയത്ത് പ്രധാന തീരുമാനങ്ങളെടുക്കുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ ഷയേതത് 13 യൂണിറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണിത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഗാസ സംഘര്‍ഷം തുടങ്ങിയ ശേഷം ഹിസ്ബുള്ള ഇസ്രായേലിനു നേരെ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഇതോടെയാണ് കരയാക്രമണം ആവശ്യമാണെന്ന നിലപാടിലേക്ക് ഇസ്രായേല്‍ എത്തിയത്.