മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയും വിമർശിച്ചും പി.വി.അൻവർ എം.എൽ.എ.. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് സംബന്ധിച്ച് താൻ ഉന്നയിച്ച ആരോപണങ്ങൾ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ അൻവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സ്വർണം കടത്തുന്ന രണ്ട് കാരിയർമാരുമായി താൻ സംസാരിച്ച് വിവരങ്ങൾ തേടുന്നതിന്റെ വീഡിയോയും അൻവർ വാർത്താസമ്മേളത്തിൽ പ്രദർശിപ്പിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
തന്റെ പരാതികളോട് മുഖ്യമന്ത്രി മുഖം തിരിച്ചുവെന്ന് അൻവർ കുറ്റപ്പെടുത്തി. സ്വർണക്കടത്തിനെ മുഖ്യമത്രി ന്യായീകരിക്കാൻ നോക്കി. എന്നാൽ അത് അങ്ങനെ അല്ല എന്ന് തനിക്ക് തെളിയിക്കണം. മുഖ്യമന്ത്രുയുടെ പ്രസ്താവനകൾ വാസ്തവ വിരുദ്ധമെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. ഇനി തനിക്ക് പ്രതീക്ഷ കോടതിയിലാണ്. താൻ ഹൈക്കോടതിയെ സമീപിക്കും.
ഞാൻ മുഖ്യമന്ത്രിയെ കണ്ടത് 5 മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തള്ളാൻ വേണ്ടി ഇരുന്നതല്ല. 11 പേജ് അടങ്ങിയ പരാതിയാണ് മുഖ്യമന്ത്രിക്ക് കൊടുത്തത്. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറഞ്ഞു, എല്ലാം കേട്ടു. സി.എമ്മിനോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു. നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീൽ ചെയ്തു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സി.എമ്മിനോട് ചർച്ച ചെയ്യുന്നില്ല.
കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂജ്യമായി താഴ്ന്നു. സി.എമ്മിനോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സി.എമ്മിന്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. ഡി.ജി.പി. സാധുവല്ലേയെന്നും ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എനിക്ക് ഈ ദുരന്തങ്ങളൊന്നും ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. പാവപ്പെട്ട പാർട്ടി സഖാക്കളെയാണ് ഞാൻ ആലോചിച്ചത്. അതിനാലാണ് നിരന്തരം വാർത്താസമ്മേളനം നടത്തിയത്. ഇനി പി.വി.അൻവറിനെ നിലയ്ക്കുനിർത്താൻ യാതൊരു മാർഗവുമില്ല. എ.ഡി.ജി.പി. വാങ്ങിയ വസ്തുവിന്റെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമാണ് ഈ സ്ഥലങ്ങൾ. മഹാനായ സത്യസന്ധനായ ഏറ്റവും നല്ല ആത്മാർഥതയുള്ള മാതൃകപരമായി പ്രവർത്തിക്കുന്ന എ.ഡി.ജി.പി. എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. 10 ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാർട്ടി സഖാക്കൾ ആലോചിക്കട്ടെ.
തന്റെ പരാതികളിൽ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് അൻവർ പറഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.
എസ് പി. ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡി.ഐ.സി. തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്. പാർട്ടി ലൈനിൽ നിന്നും താൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അൻവർ പറഞ്ഞു.
പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. എ.ഡി.ജി.പി. എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതൽ 50 ശതമാനം വരെ സ്വർണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല -അൻവർ പറ?ഞ്ഞു.
പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി വായിച്ചിട്ടുപോലുമില്ലെന്ന് മനസ്സിലായി. ഏത് സാധാരണകാരനും മനസിലാകുന്ന രീതിയിലാണ് പരാതി കൊടുത്തത്. പി.ശശിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി ചെയ്തതെന്നും അൻവർ ആരോപിച്ചു. ശശിയുമായി 40 വർഷത്തെ ബന്ധം ആണെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. പി.ശശിക്കെതിരായ പരാതി പാർട്ടി പൂർണമായും അവഗണിച്ചു. പാർട്ടിക്ക് വിപരീതമായി താൻ പ്രവർത്തിച്ചിട്ടില്ല. പാർട്ടിക്ക് വിരുദ്ധമായി അല്ല പ്രവർത്തിക്കുന്നത്. പാർട്ടിയുമായി സഹകരിച്ചാണ് എന്നും മുന്നോട്ട് പോവുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് ഉന്നയിച്ചത്. സാധാരണക്കാരുടെ വിഷയങ്ങളാണ് ഉന്നയിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദി. കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാൽ സ്റ്റേഷനിൽ നിന്ന് രണ്ട് അടി കൂടുതൽ കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇന്ന് ഈ പത്രസമ്മേളനം നടത്താൻ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാർ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാർട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട്. ഇന്നലെ രാത്രി രണ്ടു മണിക്കാണ് കിടന്നത്. ശബ്ദുമുണ്ടാക്കാതെ വീടിനു പിന്നിൽ കൂടി വന്നുനോക്കിയപ്പോൾ രണ്ടു പൊലീസുകാർ വീടിനു മുന്നിലുണ്ട്. ഞാൻ സംസാരിക്കുന്നത് മുഴുവൻ പൊലീസ് കേൾക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുൻപ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാർ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങ്ങളുടെ പിന്നിലെന്ന് ചോദിക്കുന്നു. പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവൻ എന്റെ കൂടെയുണ്ട് -അൻവർ പറഞ്ഞു.