ലാപതാ ലേഡീസ് വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യൻ ഓസ്‌കർ എൻട്രി
ശതകോടികൾ മുടക്കിയ സിനിമകളെ പിന്തള്ളി കിരൺ റാവുവിന്റെ കൊച്ചു സിനിമ
മുംബൈ: സ്വപ്നം കാണുന്നതിന് മാപ്പ് ചോദിക്കരുതെന്ന് പറഞ്ഞാണ് കിരൺ റാവുവിന്റെ ലാപതാ ലേഡീസ് അവസാനിക്കുന്നത്. കിരൺ റാവുവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. മാപ്പ് ചോദിക്കാൻ മനസ്സില്ലാത്ത കിരണിന്റെ കാണാതായ പെൺകുട്ടികൾ (ലാപതാ ലേഡീസ്) കടൽ കടന്ന് ലോക സിനിമാ പ്രേമികളുടെ സ്വപ്ന ഭൂമികയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 97-ാമത് ഓസ്‌കർ പുരസ്‌കാര പോരാട്ടത്തിൽ ഇന്ത്യയ്ക്കായി മത്സരിക്കാൻ ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടു. 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസിനെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത്.
Follow the FOURTH PILLAR LIVE channel on WhatsApp
650 കോടി രൂപ മുടക്കി ഇന്ത്യയിലെ വൻകിട താരങ്ങളെ അണിനിരത്തി നിർമ്മിച്ച കൽക്കി എ.ഡി. 2898, രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, രാജ് കുമാർ റാവുവിന്റെ ശ്രീകാന്ത്, വിക്കി കൗശലിന്റെ സാം ബഹദൂർ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ലാപതാ ലേഡീസ് ഔദ്യോഗിക എൻട്രിയായത്. മലയാളത്തിൽ നിന്നും ആടു ജീവിതം, ആട്ടം, ഉള്ളൊഴുക്ക് എന്നിവയും ഓസ്‌കർ എൻട്രിയാകുമെന്ന പ്രതീക്ഷ പുലർത്തിയിരുന്നു. കനി കുസൃതി – ദിവ്യ പിള്ള ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇതിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഉത്തരേന്ത്യയിലെ ഒരു സാങ്കൽപ്പിക ഗ്രാമം പശ്ചാത്തലമാക്കി ആക്ഷേപഹാസ്യത്തിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ രൂക്ഷമായി വിമർശിച്ച ലാപതാ ലേഡീസിന്റെ ആത്മാവിനൊപ്പമെത്താൻ ഈ സിനിമകൾക്കൊന്നുമായില്ല.
ടൊറന്റോ ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ലാപതാ ലേഡീസ് പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. പൊള്ളുന്ന പ്രമേയത്തെ ഹാസ്യത്തിൽ പൊതിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ വിശദീകരിച്ച കലാമേന്മയുള്ള ചിത്രമെന്നായിരുന്നു ടൊറാന്റോയിൽ ഉയർന്ന അഭിപ്രായം. സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിനെതിരായ പോരാട്ടമെന്ന അഭിനന്ദനവും സിനിമ നേടി. ചലച്ചിത്രോൽസവത്തിന് ശേഷം ഇന്ത്യയിൽ പ്രദർശനത്തിന് വരുമ്പോൾ വനിതാ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. ഒരാഴ്ചയ്ക്കപ്പുറം വരുന്ന വനിതാ ദിനത്തിന്റെ പ്രാധാന്യം വെളിവാക്കാൻ സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും സ്ത്രീ സമത്വ വാദികളും ഫെമിനിസ്റ്റ് സംഘടനകളുമൊക്കെ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ആ സമയത്ത് തന്നെ സിനിമ തിയറ്ററുകളിൽ എത്തി. ശുഷ്‌കമായ സദസ്സാണ് സിനിമയെ വരവേറ്റത്. ഒടുവിൽ പ്രദർശനം നടത്താൻ ആവശ്യമായ പ്രേക്ഷകരില്ലെന്ന പേരിൽ പല തിയറ്ററുകളിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ സിനിമ പിൻവലിച്ചു.
ഒരു മാസത്തിനകം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെത്തിയ ലാപതാ ലേഡീസ് വളരെ പെട്ടെന്ന് ട്രെൻഡിങായി. ആഴ്ചകളോളം ട്രെൻഡിങായി തുടർന്നു. 29 കോടി വരുമാനവും നേടി. ശതകോടികളുടെ മുടക്കുമുതലിലൊരുങ്ങിയ സിനിമകളുമായി മത്സരിച്ച ലാപതാ ലേഡീസിന്റെ ആകെ ബജറ്റ് അഞ്ച് കോടി മാത്രമായിരുന്നു. ആമിർ ഖാനായിരുന്നു പ്രധാന നിർമ്മാതാവ്. ഒ.ടി.ടിയിലൂടെ ലക്ഷങ്ങളാണ് സിനിമ കണ്ടതും അഭിനന്ദനങ്ങൾ അറിയിച്ചതും. സിനിമാ നിരൂപകരെല്ലാം പ്രശംസകൾ വാരിക്കോരി ചൊരിഞ്ഞു. ലോക സിനിമകൾ വസ്തു നിഷ്ഠമായി വിലയിരുത്തുന്ന ലെറ്റർ ബോക്സ് തയ്യാറാക്കിയ പട്ടികയിൽ 15-ാം സ്ഥാനത്തായിരുന്നു ലാപതാ ലേഡീസിന്റെ സ്ഥാനം. ആദ്യ നൂറു സ്ഥാനങ്ങളിൽ മറ്റൊരു ഹിന്ദി സിനിമ പോലും ഇടം പിടിച്ചിട്ടില്ലെന്നതാണ് ലാപതാ ലേഡീസിന്റെ മാറ്റ് കൂട്ടുന്നത്.
വിവാഹ ശേഷം വധൂവരന്മാർ ഒരു ട്രെയിനിൽ നാട്ടിലേക്ക് പോകുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. മൂന്ന് വധൂവരന്മാരാണുള്ളത്. ദീപകും ഫൂലുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. വധുക്കളെല്ലാം മൂടുപടം അണിഞ്ഞിട്ടുണ്ട്. ദീപക് സ്വന്തം നാട്ടിലെ റെയിൽവേ സ്റ്റേഷനിലിറങ്ങുമ്പോൾ കൈപിടിച്ച് കൊണ്ടു വരുന്നത് മറ്റൊരു വധുവായ ജയയെയാണ്. ഫൂലാകട്ടെ ജയയുടെ ഭർത്താവിനൊപ്പം മറ്റൊരു സ്റ്റേഷനിലിറങ്ങുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ഫൂലിന് അറിയില്ല. ദീപകിനൊപ്പം പോയ ജയയ്ക്ക് തിരികെ വരണമെന്ന് തന്നെ ആഗ്രഹമില്ല. എന്നാൽ ദീപക് ഫൂലിനെ അന്വേഷിച്ചിറങ്ങുകയാണ്. പൊലീസ് സ്റ്റേഷനിലെത്തുന്ന ദീപക് വധുവിന്റെ ചിത്രമായി വിവാഹ ഫോട്ടോയാണ് കാണിക്കുന്നത്. മൂടുപടത്താൽ മറച്ച വധുവിന്റെ ചിത്രം ചിരി മാത്രമല്ല ചിന്തയും പടർത്തുന്നു. അടുത്ത് എത്തുന്നത് പൂക്കടയിലാണ്. പൂക്കട ഉടമ മൂടുപടം മറച്ച സ്ത്രീകളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നുവെന്നും സ്വാതന്ത്ര്യം പരിഗണിക്കുന്നില്ലെന്നുമൊക്കെ വാചാലനാകുന്നുണ്ട്. ഈ വാചക കസർത്തിനിടയിൽ പൂക്കടക്കാരന്റെ ഭാര്യ പുറത്തേയ്ക്ക് വരുന്നു. കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിൽ പർദ്ദ അണി സ്ത്രീ തിരശ്ശീലയിൽ നിറയുമ്പോൾ സാമൂഹ്യ യാഥാർത്ഥ്യം അനാവരണം ചെയ്യപ്പെടുകയാണ്.
ഫൂലിന് അഭയം നൽകുന്ന മഞ്ജു മായി എന്ന സ്ത്രീയാണ് ഈ സിനിമയിൽ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ച സ്ത്രീ കഥാപാത്രം. റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം വിൽക്കുന്ന മായി ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കൃഷി ചെയ്യാൻ അറിയുന്ന സ്ത്രീക്ക്, ആ വിള കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന സ്ത്രീക്ക്, അത് വില്പന നടത്തി ജീവിക്കാനറിയാവുന്ന സ്ത്രീക്ക്, പ്രസവിക്കാനറിയുന്ന സ്ത്രീക്ക്, ആ കുട്ടികളെ വളർത്താനറിയുന്ന സ്ത്രീക്ക് ജീവിക്കാൻ ഒരു പുരുഷന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന മായി സ്വാതന്ത്ര്യത്തിന്റെ സുഖം അറിഞ്ഞവളും മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവളാണ്.
ഇങ്ങനെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകളുടെ നേർചിത്രമാണ് ഹാസ്യാത്മകമായി ലാപതാ ലേഡീസിൽ കിരൺ റാവു പറഞ്ഞു വെയ്ക്കുന്നത്. സ്ലം ഡോഗ് മില്യണറിനും ആർ.ആർ.ആറിനും ശേഷം ഓസ്‌കർ വേദിയൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ലാപതാ ലേഡീസിന് കഴിഞ്ഞേക്കാം. പലപ്പോഴും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യ ബോധത്തോടെയുള്ള അനാവരണങ്ങളാണ് അംഗീകരിക്കപ്പെടുന്നത്.