Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സിനിമാരംഗത്തെ പീഡനം സംബന്ധിച്ച അന്വേഷിക്കുന്ന സംഘത്തിന്റെ ആദ്യ അറസ്റ്റ് നടന്‍ സിദ്ദിഖായിരിക്കുമെന്നു സൂചന. സിദ്ദിഖിനെതിരെ നടി നല്കിയ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണസംഘം വിലയിരുത്തിയിട്ടുണ്ട്. ക്രൂര ബലാത്സംഗം നടന്നതായി നടി മൊഴിനല്കി. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്.ഐ.ആര്‍. പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂര്‍ണമായും കേസ് അവര്‍ ഏറ്റെടുക്കുകയും ചെയ്യും. വനിതാ ഉദ്യോഗസ്ഥരാകും കേസില്‍ മേല്‍നോട്ടം വഹിക്കുക.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. സംഭവം നടന്നതായി പറയപ്പെടുന്ന ദിവസത്തെ അതിഥികളുടെ പട്ടിക ഹാജരാക്കാന്‍ മാസ്‌കറ്റ് ഹോട്ടല്‍ അധികൃതര്‍ക്ക് അന്വേഷണസംഘം നിര്‍ദ്ദേശം നല്കി.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.