തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കൊണ്ടുവന്നത്.
ഞായറാഴ്ച രാത്രി 10.30ഓടെ കേരള എക്സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഡി.വൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ ഷാനിബാ ബീഗത്തിനു കൈമാറി. കുട്ടിയെ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചേര്‍ന്ന് കുട്ടിയെ കൈമാറുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കും. കുട്ടിയെ മാതാവ് മര്‍ദിച്ചെന്ന പരാതിയും പരിശോധിക്കും.
കഴിഞ്ഞ 20നാണ് മാതാപിതാക്കളോടു പിണങ്ങി പെണ്‍കുട്ടി വീടുവിട്ടുപോയത്. കഴക്കൂട്ടം പോലീസില്‍ പിതാവ് പരാതി നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമായി.