കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവല്‍സര സമ്മാനമായി കേരളത്തിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ധര്‍മ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെ.ടി.ഡി.സി. നിര്‍മ്മിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടല്‍ പരിസരവും സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഴപ്പിലങ്ങാട് ബീച്ചില്‍ 70 ശതമാനം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തിയെന്നും ദുബായിലും സിംഗപോരിലും കാണപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നവീകരണത്തിന്റെ ആദ്യഘട്ട പൂര്‍ത്തീകരണമാണ് നടക്കുന്നത്. കെ.ടി.ഡി.സി. ത്രീ സ്റ്റാര്‍ ഹോട്ടല്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി നാല് കിലോമീറ്റര്‍ വാക് വേയും നിര്‍മ്മിക്കുന്നുണ്ട്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 233.71 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നാലു ഘട്ടങ്ങളാണ് ഇതിനുണ്ടാവുക. നടപ്പാതയ്ക്ക് പുറമെ കുട്ടികള്‍ക്കുള്ള കളിസ്ഥലം, ടോയ്ലറ്റുകള്‍, കിയോസ്‌കുകള്‍, ലാന്‍ഡ് സ്‌കേപ്പിങ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.