29 C
Trivandrum
Monday, January 13, 2025

ഡോക്ടറുടെ കൊലപാതകം: തൃണമൂലുകാര്‍ സമരപ്പന്തല്‍ തല്ലിത്തകര്‍ത്തു

    • ആക്രമണം അര്‍ധരാത്രിക്കു ശേഷം

    • ബാരിക്കേഡുകള്‍ മറികടന്ന് ആശുപത്രിയും തല്ലിത്തകര്‍ത്തു

    • പൊലീസിനെ കല്ലെറിഞ്ഞു, ജീപ്പുകള്‍ തകര്‍ത്തു

    • അക്രമികളെ ട്രക്കുകളില്‍ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്‍ക്കത്ത: ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ഡോക്ടര്‍മാര്‍ കെട്ടിയ സമരപ്പന്തല്‍ സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് അര്‍ദ്ധരാത്രിയില്‍ തകര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ്സുകാരായ അക്രമികള്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവരെ അടിച്ചോടിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

അര്‍ധരാത്രിക്കു ശേഷം സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായി നടന്ന റാലിക്കിടെയായിരുന്നു സംഭവം. ‘രാത്രിയെ തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി നടത്തിയത്. ഈ റാലിക്കിടയിലേക്ക് അക്രമികള്‍ ഇടിച്ചുകയറുകയായിരുന്നു. പൊതുസ്വത്തുകള്‍ നശിപ്പിച്ച അക്രമികള്‍ ഡോക്ടര്‍മാരെ കൈയേറ്റം ചെയ്തു. രണ്ടു പൊലീസ് ജീപ്പുകളും തല്ലിത്തകര്‍ത്തു. സമാധാനപരമായി നടന്നിരുന്ന പ്രതിഷേധത്തിനിടെ പെട്ടെന്ന് അക്രമമുണ്ടായപ്പോള്‍ കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പൊലീസിന് അല്പസമയം വേണ്ടിവന്നു. അപ്പോഴേക്കും അക്രമികള്‍ എല്ലാം അവരുടെ നിയന്ത്രണത്തിലാക്കിയിരുന്നു. കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചിരുന്നവരെ അക്രമികള്‍ അടിച്ചോടിച്ചു.

ഉത്തര കൊല്‍ക്കത്തയിലെ ശ്യാംബസാറില്‍ അക്രമം നടത്തിയവര്‍ മറിച്ചിട്ട പൊലീസ് ബാരിക്കേഡിനു മുകളില്‍ കയറി നില്ക്കുന്നു

പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് ഏതാണ്ട് 40 പേരടങ്ങുന്ന സംഘമാണ് ആശുപത്രി പരിസരത്തേക്കു കടന്നുകയറി സര്‍വ്വതും തല്ലിത്തകര്‍ത്തത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് പൊളിച്ച് ആശുപത്രിക്ക് അകത്തുകയറി സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അക്രമിച്ചു. ഹോസ്റ്റലിലും കയറാന്‍ ശ്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. അക്രമികള്‍ പൊലീസിനു നേരെ തുടര്‍ച്ചയായി കല്ലെറിഞ്ഞു. ഇതിനിടെ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് നില്ക്കുന്ന ഉത്തര കൊല്‍ക്കത്തയിലെ ശ്യാംബസാറിലേക്ക് നൂറിലേറെ അക്രമികളെ ട്രക്കുകളില്‍ കൊണ്ടുവന്നിറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പുലര്‍ച്ചെ രണ്ടു മണിക്ക് സംഭവസ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

കൊലപാതകക്കേസില്‍ പ്രതിയായ സഞ്ജയ് റോയ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന ആരോപണം നേരത്തേ വന്നിട്ടുണ്ട്. നടന്നത് കൂട്ടബലാത്സംഗമാണെന്നും പ്രതികളെ രക്ഷിക്കാന്‍ ഉന്നതര്‍ ശ്രമിക്കുന്നുണ്ടെന്നും സംശയം പെണ്‍കുട്ടിയുടെ ഉറ്റവരടക്കം പ്രകടിപ്പിച്ചുകഴിഞ്ഞു. കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായത് ശക്തമായ പ്രതിഷേധത്തിനു കാരണമായിരുന്നു. ഡോക്ടറുടെ മൃതദേഹം കിടന്ന സെമിനാര്‍ റൂമിനോടു ചേര്‍ന്ന് ആശുപത്രി അധികൃതര്‍ തിടുക്കത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ് സംശയങ്ങള്‍ക്കു വഴിവെച്ചത്. മുറിയുടെ ചുമര്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തെളിവ് നശിപ്പിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് അര്‍ധരാത്രിക്കുശേഷം തൃണമൂലുകര്‍ ആക്രമണമഴിച്ചുവിട്ടത്.

Recent Articles

Related Articles

Special

Enable Notifications OK No thanks