മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ തമിഴ്‌നാട് പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
മുസ്തഫയെ ചെന്നൈയിലെത്തിച്ച ശേഷം ചെന്നൈ പൊലീസ് കമ്മിഷണര്‍ എ.അരുണിന്റെ ഉത്തരവുപ്രകാരം ഗുണ്ടാനിയമം ചുമത്തി തടങ്കലിലിട്ടു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50ഓളം പേര്‍ പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം.പ്രകാശ് രാജ്(24), തെങ്കാശി സ്വദേശി കെ.ജയകുമാര്‍(40), തൊരൈപ്പാക്കം സ്വദേശി എ.ആഫിയ(24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവര്‍ പെണ്‍കുട്ടികളെ കടത്തുന്നത്. ദുബായിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളില്‍ അശ്ലീലനൃത്തം ചെയ്യുന്ന ജോലിയാണ് ലഭിക്കുക. ചിലരെ ലൈംഗികത്തൊഴിലിലേക്കു വിടും.
ആറുമാസ വിസയില്‍ ആഴ്ചതോറും നാലുപേരെവീതം ഇവര്‍ ദുബായിലെത്തിച്ചിരുന്നു എന്നാണ് വിവരം. ഇവരുടെ വലയില്‍ക്കുടുങ്ങി നൃത്തപരിപാടിക്കെന്നു പറഞ്ഞ് പോയവരില്‍ സിനിമകളിലെ ജൂനിയര്‍ നടിമാരും അറിയപ്പെടുന്ന ടെലിവിഷന്‍ താരങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. നേരത്തേ കരാറില്‍ ഒപ്പിടുന്നതിനാല്‍ ഇടയ്ക്കുവെച്ച് തിരിച്ചുപോരാന്‍ കഴിയിയുമായിരുന്നില്ല.